Wednesday, February 13, 2008

നിര്‍വചനം

എന്റെ കണ്ണിലൂടെ...
നാളെയുടെ നിര്‍വചനം

ഇന്നിന്റെ
പ്രവചനമോ??
പ്രതീക്ഷയോ?

ഇന്നിന്റെ നിര്‍വചനമൊരു പക്ഷേ
മനസിന്റെ തോന്നലുകളാവാം
സമൂഹത്തിന്റെ കാഴ്ചകളാവാം...
എങ്കിലും
അതിനൊരു ആശ്വാസത്തിന്റെ
പരിവേഷം ഞാന്‍ നല്‍കാറുണ്ട്‌...

അനിര്‍വചനീയമെന്ന്‌ പറയുമ്പോഴും
അനുഭവത്തിന്റെ രുചി
അനുഭൂതിയിലേക്കാനയിക്കാറുണ്ട്‌...

വചനത്തിനതീതമായാണ്‌
അനിര്‍വചനീയമെങ്കില്‍
എന്റെ വികാരങ്ങളെ
വാക്കുകള്‍ക്കടിമപ്പെടുത്തണോ?
അക്ഷരങ്ങളില്‍
കുരുങ്ങിക്കിടക്കേണ്ടതാണോ അവ

വാക്കുകള്‍ വായനക്കാരന്റെയും
കേള്‍വിക്കാരന്റെയും
അടിമയാകുമ്പോള്‍...

എന്റെ മൗനത്തിന്റെ നിര്‍വചനം
എനിക്ക്‌ മാത്രം സ്വന്തം..
എന്നെ സ്വന്തമാക്കിയെന്നഹങ്കരിക്കുന്നവര്‍ക്ക്‌ പോലും
അന്യമായ ആ മൗനത്തിന്റെ
നിര്‍വചനമിപ്പോഴും
ചാപിള്ളയായി
എന്റെ മനസിലും...

Monday, February 4, 2008

കാലം കവരാത്തത്‌

ജീവിതം കവരുന്ന ആഗോളവത്കരണം
മനസ്‌ കവരും വാഗ്ദാനങ്ങള്‍
കണ്ണുകള്‍ കവരും വര്‍ണ്ണപകിട്ട്‌
കൈകള്‍ കവരും യന്ത്രതികവ്‌
പിന്നെന്തുവേണം കാലത്തിന്റെ മികവ്‌...

കാലം കവരാത്തത്‌ സ്വപ്നങ്ങള്‍ മാത്രം
കാലം കവര്‍ന്നവ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം
കാലത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്ന
കരുണയ്ക്ക്‌ പേരിടാന്‍ അപ്പൂപ്പനെ കാണ്മാനില്ല...

ഹൃദയത്തില്‍ സൂക്ഷിച്ച പ്രണയത്തിന്റെ ശിലകളെ
ശില്‍പങ്ങളാക്കാന്‍ കാലം അനുവദിക്കുന്നില്ല
സ്നേഹത്തിന്റെ മൂര്‍ത്തിഭാവമാം
പ്രണയത്തെ പ്രസവിക്കാന്‍
മനുഷ്യന്‍ മടി കാട്ടുമ്പോള്‍
കാലം തടുക്കുന്നില്ല...

നഷ്ടപ്പെടുന്നത്‌ കണ്ണുകളില്‍, ഹൃദയത്തില്‍
അല്‍പം സ്നേഹം അവശേഷിപ്പിച്ചവര്‍ക്ക്‌
പുതിയ കണ്ടെത്തലുകളില്‍
പ്രാവീണ്യം നേടിയ മനുഷ്യന്‍
പറയുന്നു കമ്പ്യൂട്ടര്‍ യുഗം...
ഈ മെയില്‍ സന്ദേശങ്ങളിലൂടെ പൂക്കുന്ന ബന്ധങ്ങള്‍
രക്തബന്ധവും സ്നേഹബന്ധങ്ങളും
വ്യര്‍ത്ഥമാക്കുന്നു...
സ്വപ്നങ്ങള്‍ കാണുന്ന കണ്ണുകള്‍ തമ്മില്‍
കാണാതെയും സ്വപ്നങ്ങള്‍ കൈമാറുന്നു...

പക്ഷേ...
കാലത്തിന്റെ ഒഴുക്കില്‍ മാറാത്ത മായാത്ത
കുറെ മനസുകള്‍ക്ക്‌ ഇപ്പോഴും
പ്രണയത്തിന്റെ ശിലകളെ ശില്‍പങ്ങളാക്കാന്‍
യന്ത്രത്തിന്റെ ആവശ്യമില്ല...
അവര്‍ സ്നേഹത്തിന്റെ ചൂടില്‍ ഉരുക്കിയ
ശിലകളെ സ്വപ്നങ്ങളാം ചൂളയില്‍
ശില്‍പങ്ങളാക്കുമ്പോള്‍
നമ്മുടെ കണ്ണുകളില്‍ കാണുന്ന
സ്വപ്നങ്ങള്‍ക്ക്‌ അര്‍ത്ഥമുണ്ടാവുന്നു...
അവ വെറുതെയോരോ
പകല്‍ക്കിനാക്കളല്ലെന്നറിയുന്നു...
നാമറിയാതെയാ സ്വപ്നങ്ങളിലലിയുമ്പോള്‍
നാമറിയുന്നതൊന്നു മാത്രം...
സ്വപ്നങ്ങള്‍ കാണുന്ന
കണ്ണുകള്‍ കാലം കവര്‍ന്നില്ലിതുവരെ...