Wednesday, March 4, 2009

വര്‍ണ്ണങ്ങള്‍...



ജനിച്ചപ്പോള്‍
കറുപ്പും വെളുപ്പുമല്ലാതെ ഒന്നുമില്ലായിരുന്നു ....
എന്റെ മുന്നില്‍....

പക്ഷെ ഇന്ന് ...
ജീവിതത്തില്‍ കടന്നു വന്ന വര്‍ണ്ണങ്ങള്‍.....

മഴവില്ലില്‍ നിന്നും പടര്‍ന്നിറങ്ങിയ
ചുവപ്പ്, എന്റെ സിരകളില്‍ പകരുന്നത്
ഒടുങ്ങാത്ത പകയാണ്.....
മുറിവേല്‍ക്കുമ്പൊഴും ഒഴുകുന്ന രക്തച്ചുവപ്പ്..
എന്നെ ഉന്മത്തയാക്കുന്നത് അതായിരിക്കാം...

ശലഭത്തിലന്റെ ചിറകില്‍ നിന്നടര്‍ന്ന
പീതാംബരം, എന്റെ സൌഹൃദങ്ങളെയാണു
നനച്ചത്...

ജീവിതയാത്രയില്‍ പകര്‍ന്നു കിട്ടിയ
പച്ചത്തുരുത്തില്‍ നിന്നും പടര്‍ന്നിറങ്ങിയ
പച്ചപ്പ്, എന്റെ ഹരിതാഭമായ ഓര്‍മ്മകളാണ്.

യാത്രയുടെ അവസാനത്തില്‍
ആരംഭശൂരത്വമൊടുങ്ങിയ ഞാനെന്ന
യാത്രികനില്‍ പകര്‍ന്നത്
വാനപ്രസ്ഥത്തിന്റെ കാവി നിറമായിരുന്നു

നിറങ്ങള്‍ ചാലിച്ച വസന്തത്തില്‍ നിന്നും
ഒപ്പിയെടുത്ത വയലറ്റു നിറം
മരണത്തിന്റേതെന്നു പറഞ്ഞ്
കവിതകള്‍ ഭയപ്പെടുത്തുന്നു..

എന്റെ മറവികള്‍ക്ക്...
നീല നിറമാണ്... ആഴക്കടലിന്റെ നിറം...
അഗാധതയില്‍ ഒരുപാടു
മുഖങ്ങളൊളിപ്പിച്ച നിശബ്ദതയുടെ നിറം

നിര്‍വചിക്കാനാകാത്ത മനസിന്റെ വര്‍ണ്ണങ്ങളെ
നീ വരച്ചെടുത്ത മനോഹാരിതയിലൊളിപ്പിച്ചതില്‍
നിന്റെ കൈയ്യടക്കം കണ്ടമ്പരന്നത് , ആ
വര്‍ണ്ണങ്ങളുടെ നിര്‍വചിക്കാനാകാത്ത ഭംഗി കണ്ടീട്ടാണ്..