Monday, December 1, 2008

ആശയങ്ങള്‍ രൂപാന്തരം പ്രാപിക്കുമ്പോള്‍


ചിന്തകളില്‍ കടന്നു വരുന്ന ആശയങ്ങള്‍
തിരഞ്ഞു പിടിക്കുന്നത് ..
എഴുതാന്‍ മടിക്കുന്ന അക്ഷരങ്ങളെ മാത്രമാണ്..

പിരിഞ്ഞു നില്‍ക്കുന്ന അക്ഷരങ്ങളെ
ഒരുമിച്ചു നിര്‍ത്താന്‍ വാക്കുകളെ
കൂട്ടു പിടിക്കേണ്ടി വരുന്നു
ചിലപ്പോഴെല്ലാം

പിണങ്ങി നില്‍ക്കുന്ന വാക്കുകളെ
ഇണക്കിച്ചേര്‍ക്കാന്‍ വാചകങ്ങളെ സൃഷ്ടിക്കേണ്ടി വരുന്നു
പലപ്പോഴും

അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും...
പിന്നെയീ വാചകങ്ങള്‍‍ക്കുമിടയില്‍
ശ്വാസം കിട്ടാതെ പിടയുന്ന ആശയങ്ങളുടെ
നിസ്സഹായത ..
എന്തെല്ലാമോ ആയിത്തീരാന്‍ കൊതിച്ച്
വേറേന്തൊക്കെയൊ ആയിത്തീരുന്നവരുടെ
മനസിന്റെ നിസ്സഹായതയല്ലെന്നാരറിഞ്ഞു...

ആസ്വാദകരുടെ പുതിയകണ്ടെത്തലുകളില്‍
തന്റെ വരികളിലെ ആശയത്തിന്റെ
സ്വത്വത്തെ അവഗണിക്കുന്ന സൃഷ്ടാവു പോലും
അറിയുന്നില്ലാ ...
അവന്റെ ചിന്തകളാണ്..
നഷ്ടപ്പെടുന്നതും രൂപാന്തരം പ്രാപിച്ചതെന്നും..

Monday, September 15, 2008

ഞാന്‍ ക്രൂരയാണോ?

എന്റെ കൂര്‍ത്തു നീണ്ട നഖങ്ങള്‍
നിന്റെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങുമ്പോള്‍..
ചീറ്റുന്ന രക്തത്തിന്റെ
ചുവപ്പെന്നെ ഉന്മത്തയാക്കുന്നതെന്തേ?
അതിനായി...
മിഴിനീരു വറ്റാത്ത എന്റെ കണ്ണുകളെന്തേ
ഒരിറ്റു നീരു പോലുമുതിര്‍ക്കാത്തത്..

എനിക്ക് ക്രൂരയാകാന്‍ കഴിയില്ലെന്നു നീ പറയുമ്പൊഴും..
വേദനയൂറുന്ന നിന്റെ നയനങ്ങളേക്കാള്‍
എനിക്കിഷ്ടം..
ക്രോധാഗ്നിയിലെന്നെ ദഹിപ്പിക്കാന്‍
തുടങ്ങുന്ന നിന്റെ കണ്ണുകളാണ്..
പിന്നെ
വേദനയാല്‍ പുളയുന്ന നിന്റെ അധരങ്ങളും..

ആളിക്കത്തുന്ന പകയാണോ
എന്നില്‍ ജ്വലിക്കുന്ന ജ്വാല..
അതൊ..
കത്തി തീര്‍ന്ന കരിന്തിരിയുടെ
പുകയൊ?
അതൊ
അതില്‍ കത്തിയൊടുങ്ങാനൊരുങ്ങുന്ന
കനല്‍ക്കട്ടയോ?

നീ എന്നെ സഹിച്ചിരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം..
നീ എന്നെ ഉപദ്രവിക്കുന്നതാണ്...
ആക്രമിച്ച് പരിക്കേല്‍ക്കപ്പെടുമ്പൊഴുള്ള..
ദേഹത്തെ ചുട്ടുനീറ്റല്‍..
മനസിന്റെ നീറ്റലിനേക്കാള്‍ ഭേദമാണ്..
നിന്റെ നിശബ്ധതയേക്കാള്‍ ഒരുപാടു സന്തോഷവും..

എന്റെ നഖപ്പാടു തീര്‍ത്ത
നിന്റെ ശരീരം കാണുമ്പോള്‍..
തോന്നുന്ന സംതൃപ്തി..
നിന്നെ സ്വന്തമാക്കിയതിനേക്കാള്‍.. വലുതായിരുന്നൊ?
അല്ല..
പക്ഷെ..
നീ അന്യമാവുന്ന വേദനയേക്കാള്‍
ഒരുപാടു ചെറുതായിരുന്നു ആ സങ്കടം......

അന്യമാവാന്‍ കൊതിക്കാത്ത എന്റെ മനസിന്റെ
കഥ..
ആ മുറിപ്പാടുകള്‍ ..നിന്നോട്..
സ്വകാര്യമായെങ്കിലും പറഞ്ഞെങ്കിലൊന്നൊരു
വേള ഞാന്‍ കൊതിച്ചു പോവുകയാണ്....

ഇനി നീ പറയൂ...
ഞാന്‍ ക്രൂരയാണോ?

Wednesday, September 3, 2008

സിന്ദൂരം


അമ്മയുടെ നെറ്റിയിലെ ചുവപ്പു പൊട്ട് കണ്ട്
ഞാന്‍ ചോദിച്ചു
‘എന്താമ്മേ അമ്മ ചുവപ്പ പൊടികൊണ്ട് പൊട്ടു തൊടുന്നേ?‘
അമ്മ പറഞ്ഞു
‘അത് കുങ്കുമം..‘

ഞാന്‍ ചോദിച്ചു
‘അതെന്തിനാ തലയില്‍ തൂവുന്നേ?’
അമ്മ പറഞ്ഞു
‘അതാണ് സിന്ദൂരം‘

ഞാന്‍ ചോദിച്ചു
‘എനിക്കു ചാന്തുപൊട്ടു വേണ്ടമ്മേ..
എനിക്ക് തലയില്‍ അമ്മയെപ്പോലെ
കുങ്കുമപ്പൊട്ടു തൊട്ടു തരുമൊ.. അല്ല സിന്ദൂരം..‘
അമ്മ പറഞ്ഞു
‘അത് കല്യാണം കഴിഞ്ഞവര്‍ മാത്രമേ തൊടാവൂ..’

ഞാന്‍ ചോദിച്ചു
‘അതെന്താ അങ്ങനെ?’
അമ്മ പറഞ്ഞു
‘ആദ്യം അച്ഛനാണത് തൊട്ട് തരിക.., പിന്നെ
അച്ഛനു വേണ്ടി , അച്ഛന്റെ ദീര്‍ഘായുസ്സിനു വേണ്ടി
അമ്മ തന്നെ തൊടും’

ഞാന്‍ ചോദിച്ചു
‘അച്ഛന്‍ എനിക്കും തൊട്ടു തരോ?.. പിന്നെ
അച്ഛനു വേണ്ടി ഞാന്‍ തന്നെ തൊട്ടോളാം’
അമ്മ പറഞ്ഞു
‘അത് അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചതു കൊണ്ടാ..
മോള്‍ടെ കല്യാണം കഴിയുമ്പോള്‍ അങ്ങനെ പൊട്ടു തൊടാലൊ.’

ഞാന്‍ ചോദിച്ചു
‘അച്ഛനോട് എന്നെ കല്യാണം കഴിക്കാന്‍ പറ.. എന്നീട്ട് തൊട്ടു തന്നാല്‍ മതി’
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു..
‘അച്ഛനല്ല...മോളേ.. കല്യാണം കഴിക്കാ...
വേറെ.. ഒരാള്‍ വരും ...’

ഞാന്‍ പിണങ്ങി...
‘അച്ഛനോടും അമ്മയോടും ഞാന്‍ പിണക്കാ... എന്നോടൊരു സ്’നേഹവുമില്ലാ...
എന്നെ വേറെ ആരും കല്യാണം കഴിക്കണ്ടാ..‘
അമ്മ പറഞ്ഞു
‘അച്ഛനേക്കാളും, അമ്മയേക്കാളും.. നിന്നെ സ്നേഹിക്കുന്ന ഒരാളായിരിക്കും വരിക ..
അപ്പോഴോ?’

ഞാന്‍ ചിന്തിച്ചു പിന്നെ
ഞാന്‍ ചോദിച്ചു
‘എന്നാമ്മേ എന്റെ കല്യാണം...’
അമ്മ പറഞ്ഞു
‘മോള്‍ വലുതായീട്ട് .. പഠിച്ച് പഠിച്ച് വലിയൊരാളായീട്ട്.. ട്ടൊ’

അപ്പോള്‍..ഞാനോര്‍ത്തു
‘എന്നായിരിക്കും എന്റെ കല്യാണം... ?
അച്ഛനേക്കാളും അമ്മയേക്കാളും.. സ്നേഹിക്കുന്ന ഒരാള്‍ .. എന്നാ വരികാ.. ?
അപ്പോളെനിക്കു തലയില്‍ സിന്ദൂരം തൊടാലോ’

Thursday, August 28, 2008

അഭിനയം

നീ പറയുന്നത്
നീ അഭിനയിക്കുകയായിരുന്നു എന്നോ..
എന്റടുത്ത് നീ ജീവിക്കുകയായിരുന്നില്ലാ.. എന്ന്..

നന്നായി അഭിനയിച്ചു തീര്‍ത്ത നല്ല ഒരഛന്റെ മകളാണ്...ഞാന്‍..
അഭിനയിക്കാനറിയാത്ത അമ്മ അഭിനയം പഠിച്ച് മിടുക്കിയായതാണ്...
ഞാന്‍ ജനിച്ചതേ.. അഭിനയിക്കാനായി മാ‍ത്രം...

നല്ല ഒരു മകളായി... (വികൃതികള്‍.. അഭിനയത്തിന്റെ മറ്റൊരു മുഖം മാത്രം..)
നല്ല ഒരു സുഹൃത്താകാന്‍ ഒരു പാട് പഠിക്കെണ്ടി വന്നു...(ഇപ്പോള്‍ സ്മാര്‍ട്ട് ആയി)
നല്ല സഹോദരിയാകാന്‍ കഴിഞ്ഞോ എന്ന്... അഭിനയിക്കാനറിയാത്ത എന്റെ ചേച്ചിയോട് ചോദിക്കണം.....

ഇനിയും അഭിനയിക്കാന്‍ ഒരുപാട്.. വേഷങ്ങള്‍ എന്നെക്കാത്തിരിക്കുന്നു...
എന്റെ കഥാപാത്രങ്ങളോട് ഞാന്‍ പരമാവധി നീതി പുലര്‍ത്താറുണ്ട്...

നിന്റെ അഭിനയം എനിക്കു തിരിച്ചറിയാന്‍ കഴിയാഞ്ഞത് നിന്റെ കഴിവ് ഒന്നു കൊണ്ടു മാത്രം......
നീ ഒരിക്കലും അഭിനയം നിര്‍ത്തരുത്..
നീയെന്നെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കുകയെങ്കിലും... വേണം...

ഇത്രയും നന്നായി അഭിനയിക്കാന്‍ കഴിയുന്ന നിന്നെ എനിക്കു വെറുക്കാന്‍ കഴിയില്ല.....
നിന്റെയീ കഥാപാത്രത്തെ ഒരുപാടിഷ്ടപ്പെട്ടു പോയി.....
നിന്റെ സ്വത്വത്തെക്കാളേറെ....

Friday, August 22, 2008

തിരിച്ചറിവുകള്‍

ചെറുതായിരിക്കുമ്പോള്‍ വലുതാവണം..
വലുതാകുമ്പോള്‍ ചെറുതാകണം..
ഓരോ കാലത്തും ഓരോ തിരിച്ചറിവുകള്‍..

ചില തിരിച്ചറിവുകള്‍ ..
പരാജയത്തിന്റേതെന്നു കുറ്റപ്പെടുത്തുമ്പോള്‍...
ജീവിതത്തില്‍ എന്നും ജയിക്കാനാഗ്രഹിച്ചവരെ..
കാലം നോക്കി പരിഹസിക്കയെന്നു തോന്നും..

നിറഞ്ഞ മനസു തേടുന്നത് ദുഖം..
നിറയാത്ത മനസു നേടുന്നത് ദുഖം..
തേടിയാലും നേടിയാലും
കിട്ടുന്നതൊന്നാണെന്ന തിരിച്ചറിവ്..
തോല്‍വിയുടേതോ വിജയത്തിന്റേതോ?

ഓര്‍മ്മകള്‍ അവശേഷിക്കുന്നത് ..കാലം
നമ്മിലവശേഷിപ്പിച്ച മുറിവുണക്കാനല്ല..
മുറിപ്പാടു തീര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന ..തിരിച്ചറിവ് ..
ഓര്‍മ്മകളുടെ വസന്തം പോലും നമ്മില്‍ നിന്നകറ്റുന്നു

സ്വപ്നങ്ങളില്‍ നാം സംതൃപ്തരാകുന്നത്
അവിടെ തിരിച്ചറിവുകള്‍ ഇല്ലാത്തതു
കൊണ്ടാണെന്നു.. തിരിച്ചറിയുമ്പോള്‍..
സ്വപ്നങ്ങളില്‍ മാത്രം ജീവിക്കാന്‍
കഴിഞ്ഞെങ്കിലെന്നറിയാതെ മോഹിച്ചു പോകും..
അതും വ്യര്‍ത്ഥമാണെന്നറിഞ്ഞു തന്നെ...

Wednesday, February 13, 2008

നിര്‍വചനം

എന്റെ കണ്ണിലൂടെ...
നാളെയുടെ നിര്‍വചനം

ഇന്നിന്റെ
പ്രവചനമോ??
പ്രതീക്ഷയോ?

ഇന്നിന്റെ നിര്‍വചനമൊരു പക്ഷേ
മനസിന്റെ തോന്നലുകളാവാം
സമൂഹത്തിന്റെ കാഴ്ചകളാവാം...
എങ്കിലും
അതിനൊരു ആശ്വാസത്തിന്റെ
പരിവേഷം ഞാന്‍ നല്‍കാറുണ്ട്‌...

അനിര്‍വചനീയമെന്ന്‌ പറയുമ്പോഴും
അനുഭവത്തിന്റെ രുചി
അനുഭൂതിയിലേക്കാനയിക്കാറുണ്ട്‌...

വചനത്തിനതീതമായാണ്‌
അനിര്‍വചനീയമെങ്കില്‍
എന്റെ വികാരങ്ങളെ
വാക്കുകള്‍ക്കടിമപ്പെടുത്തണോ?
അക്ഷരങ്ങളില്‍
കുരുങ്ങിക്കിടക്കേണ്ടതാണോ അവ

വാക്കുകള്‍ വായനക്കാരന്റെയും
കേള്‍വിക്കാരന്റെയും
അടിമയാകുമ്പോള്‍...

എന്റെ മൗനത്തിന്റെ നിര്‍വചനം
എനിക്ക്‌ മാത്രം സ്വന്തം..
എന്നെ സ്വന്തമാക്കിയെന്നഹങ്കരിക്കുന്നവര്‍ക്ക്‌ പോലും
അന്യമായ ആ മൗനത്തിന്റെ
നിര്‍വചനമിപ്പോഴും
ചാപിള്ളയായി
എന്റെ മനസിലും...

Monday, February 4, 2008

കാലം കവരാത്തത്‌

ജീവിതം കവരുന്ന ആഗോളവത്കരണം
മനസ്‌ കവരും വാഗ്ദാനങ്ങള്‍
കണ്ണുകള്‍ കവരും വര്‍ണ്ണപകിട്ട്‌
കൈകള്‍ കവരും യന്ത്രതികവ്‌
പിന്നെന്തുവേണം കാലത്തിന്റെ മികവ്‌...

കാലം കവരാത്തത്‌ സ്വപ്നങ്ങള്‍ മാത്രം
കാലം കവര്‍ന്നവ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രം
കാലത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്ന
കരുണയ്ക്ക്‌ പേരിടാന്‍ അപ്പൂപ്പനെ കാണ്മാനില്ല...

ഹൃദയത്തില്‍ സൂക്ഷിച്ച പ്രണയത്തിന്റെ ശിലകളെ
ശില്‍പങ്ങളാക്കാന്‍ കാലം അനുവദിക്കുന്നില്ല
സ്നേഹത്തിന്റെ മൂര്‍ത്തിഭാവമാം
പ്രണയത്തെ പ്രസവിക്കാന്‍
മനുഷ്യന്‍ മടി കാട്ടുമ്പോള്‍
കാലം തടുക്കുന്നില്ല...

നഷ്ടപ്പെടുന്നത്‌ കണ്ണുകളില്‍, ഹൃദയത്തില്‍
അല്‍പം സ്നേഹം അവശേഷിപ്പിച്ചവര്‍ക്ക്‌
പുതിയ കണ്ടെത്തലുകളില്‍
പ്രാവീണ്യം നേടിയ മനുഷ്യന്‍
പറയുന്നു കമ്പ്യൂട്ടര്‍ യുഗം...
ഈ മെയില്‍ സന്ദേശങ്ങളിലൂടെ പൂക്കുന്ന ബന്ധങ്ങള്‍
രക്തബന്ധവും സ്നേഹബന്ധങ്ങളും
വ്യര്‍ത്ഥമാക്കുന്നു...
സ്വപ്നങ്ങള്‍ കാണുന്ന കണ്ണുകള്‍ തമ്മില്‍
കാണാതെയും സ്വപ്നങ്ങള്‍ കൈമാറുന്നു...

പക്ഷേ...
കാലത്തിന്റെ ഒഴുക്കില്‍ മാറാത്ത മായാത്ത
കുറെ മനസുകള്‍ക്ക്‌ ഇപ്പോഴും
പ്രണയത്തിന്റെ ശിലകളെ ശില്‍പങ്ങളാക്കാന്‍
യന്ത്രത്തിന്റെ ആവശ്യമില്ല...
അവര്‍ സ്നേഹത്തിന്റെ ചൂടില്‍ ഉരുക്കിയ
ശിലകളെ സ്വപ്നങ്ങളാം ചൂളയില്‍
ശില്‍പങ്ങളാക്കുമ്പോള്‍
നമ്മുടെ കണ്ണുകളില്‍ കാണുന്ന
സ്വപ്നങ്ങള്‍ക്ക്‌ അര്‍ത്ഥമുണ്ടാവുന്നു...
അവ വെറുതെയോരോ
പകല്‍ക്കിനാക്കളല്ലെന്നറിയുന്നു...
നാമറിയാതെയാ സ്വപ്നങ്ങളിലലിയുമ്പോള്‍
നാമറിയുന്നതൊന്നു മാത്രം...
സ്വപ്നങ്ങള്‍ കാണുന്ന
കണ്ണുകള്‍ കാലം കവര്‍ന്നില്ലിതുവരെ...