Wednesday, May 15, 2013

ഒരു പനിയോര്‍മ്മ



എന്റെ  പനിചൂട് നിന്നെ  
പൊള്ളിച്ച രാത്രികള്‍ ..
നിനക്കൊരു പനിയുമ്മ തന്നു
ഉണര്‍ത്തിയ പുലരികള്‍ ..
കുഞ്ഞിനെ പോലെ ഞാന്‍
തളര്‍ന്നു കിടന്നത് നിന്റെ
കൈകളില്‍ ആയിരുന്നു ..
ഒരമ്മയെപോലെ 
തണുക്കുമ്പോള്‍ നീ  
എന്നെ ചേര്‍ത്ത് പിടിച്ചു
ചൂടുപകര്‍ന്നും 
പനിചൂടില്‍  
പൊള്ളിപ്പിടയുമ്പോള്‍ 
നനച്ചിട്ട തുണിയാല്‍ തുടച്ചുറക്കി  
കിടത്തിയ ആ
കൊച്ചു കുഞ്ഞാവാന്‍ 
കൊതി തോന്നുന്നു ..
കാലങ്ങള്‍ക്കപ്പുറത്തേക്ക് 
കൌതുകത്തോടെ
നോക്കുമ്പോള്‍ 
അതിരവരമ്പുകള്‍ ഇല്ലാത്ത 
സൌഹൃദത്തിന്റെ 
കമ്പിളി പുതപ്പില്‍  
എത്ര തണുത്ത രാത്രികള്‍  ..

Friday, January 25, 2013

നിന്നെലെക്കൊതുങ്ങാന്‍

ചുരുണ്ട് കൂടി കിടക്കുന്ന
നിന്റെ ആത്മാവിന്റെ
ഉള്ളിലേക്ക് നൂഴ്ന്നു കേറണം.
അതിനായി ഞാന്‍
സ്വയം ചുരുങ്ങുകയാണ് ..
നിന്നെലെക്കൊതുങ്ങാന്‍ ..

Wednesday, August 31, 2011

ഞാന്‍ മറക്കുന്നത് ..



ഒരു നല്ല മകളായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല സഹോദരിയായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല കൂടുകാരി ആയി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല ഭാര്യയായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല അമ്മയായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല സഹപ്രവൃത്തകയായി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല അയല്‍ക്കാരി ആയി തീരാന്‍ ശ്രമിക്കുമ്പോള്‍
ഒരു നല്ല വീടുകാരി ആയി തീരാന്‍ ശ്രമിക്കുമ്പോള്‍
അങ്ങനെ....
ഒരു നല്ല സ്ത്രീ ആയി തീരാന്‍ ...
അങ്ങനെ അങ്ങനെ ....
ഞാന്‍ ശ്രമിക്കുംപോഴോകെ ഞാന്‍ അറിയുന്നു ....
ഞാന്‍ ഞാനായി തീരാന്‍ മറന്നു പോകുന്നുവെന്ന് ...

Saturday, February 20, 2010

വിരുന്നുകാരും വീട്ടുകാരും

വിരുന്നു വന്നത്
വിരുന്നുകാരായിരുന്നില്ല..

വിരുന്നു നല്‍കിയത്
വീട്ടുകാരായിരുന്നില്ല

വീട്ടുകാര്‍ ആരാന്നറിയാത്ത
വിരുന്നുകാര്‍ വിരുന്നുണ്ടു

വിരുന്നുകാരെന്നു കരുതി
വീട്ടിലുള്ളവര്‍ വീട്ടുകാരെന്നു ഭാവിച്ചു
വിരുന്നു നല്‍കി ..

Wednesday, February 10, 2010

സ്വപ്നം കാണുന്നത്..


ഉണര്‍വ്വിനും ഉറക്കത്തിനുമിടയിലെ
ചെറിയ വെളിച്ചത്തുണ്ടുകളായിരുന്നു
സ്വപ്നങ്ങള്‍..
വിരലെത്തിച്ചു തൊടും മുമ്പേ പറന്നു പോയവ..
വ്യഥാ ജല്പനങ്ങളില്‍ വില്‍ക്കേണ്ടി
വരുന്നതും ഈ സ്വപ്നങ്ങള്‍ തന്നെ…

മറന്നു പോയ സ്വപ്നത്തെ …പൂരിപ്പിക്കുമ്പോഴേക്കും ..
സമസ്യകളില്‍ നിന്നും സമസ്യകളിലേക്ക്..
അടുത്ത രാത്രി പുതിയ സമസ്യ….

രാവിലെ ഉണര്‍ന്നെണീക്കുന്നത്..
രാത്രിയില്‍ വെളിച്ചതുണ്ടുകളായി വന്ന
സ്വപ്നങ്ങളുടെ സമസ്യാപൂരണത്തിനാണ്…

രാത്രിയില്‍ ഒരു മേഘത്തുണ്ടു പോലെ വന്ന്
മഞ്ഞുപോലെ പെയ്തിറങ്ങി..
മഴ പോലെ പ്രളയം സൃഷ്ടിച്ചവ
പുലരിയെ മരുഭൂമിയാക്കി മാറ്റുന്നു..

Friday, December 18, 2009

മുറിവുകളും മുറിവുണക്കങ്ങളും

സ്വപ്നങ്ങള്‍....

ശിശിരത്തില്‍

മഞ്ഞിന്റെ തണുപ്പിലുറച്ചു പോകുന്നതും...

പിന്നെ ഇലകള്‍ പൊഴിക്കുന്നതും


വേനലില്‍

ഉച്ചവെയിലില്‍.. തളര്‍ന്നു പോകുന്നതും...

വാടിക്കരിയുന്നതും....


വര്‍ഷത്തില്‍

നിര്‍ത്താതെ പെയ്തൊഴിയുന്നതും...

മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിക്കുന്നതും


വസന്തത്തില്‍

തണലില്‍ തളിര്‍ക്കുന്നതും

പൂത്തുലയുന്നതും...


ഓര്‍മ്മകള്‍...

വസന്തത്തില്‍...

തളിര്‍ത്തു.. പൂത്തുവിടര്‍ന്ന

സ്വപ്നങ്ങളെ ഓര്‍ക്കുമ്പോഴായിരിക്കും.....


ശിശിരത്തില്‍....

ഇല പൊഴിച്ചു.. തലകുമ്പിടേണ്ടി വന്ന

ആ സ്വപ്നങ്ങളെക്കുറിച്ചോര്‍ക്കുക....


പിന്നീടൊരു

വേനലില്‍.....

അവ ... കത്തിക്കരിഞ്ഞുങ്ങി....

ആഴത്തിലാണ്ടു പോയ വേരുമായി......തളര്‍ന്നു കിടന്നു ...

ജീവനു വേണ്ടി ദാഹിച്ച ആ സ്വപ്നങ്ങളെക്കുറിച്ചോര്‍ക്കും.....


വര്‍ഷത്തില്‍......

പെയ്തു തീര്‍ത്തു മതിവരാ‍തെ ....

കുത്തിയൊലിച്ചൊഴുക്കില്‍....

ഒഴുകിപ്പോയ ആ സ്വപ്ങ്ങളെക്കുറിച്ചോര്‍ക്കും....


പിന്നെ

അടുത്ത വസന്തത്തിലെ പുതിയ സ്വപങ്ങള്‍ക്കു ........

ഒരു മുറിവിന്റെ പാടു പോലും തീര്‍ക്കാതെ...

നിലമൊരുക്കിയ.....

വിധിയെക്കുറിച്ചോര്‍ക്കും....


സ്വപ്നങ്ങള്‍ കാണുന്ന കാലം വരെ മുറിവുകളും.....

മുറിവുണക്കങ്ങളും.. സംഭവിച്ചുകൊണ്ടേയിരിക്കും.....

Thursday, July 30, 2009

സ്നേഹത്തിനും അളവുപാത്രം


നീ എനിക്കിപ്പോള്‍ മരുഭൂമിയാണ്..
വിശ്വാസത്തിന്റെ നനവും
സ്നേഹത്തിന്റെ പച്ചപ്പും
ഇല്ലാത്ത ഭൂമി..

നിന്റെ വാക്കുകള്‍ക്കിടയിലെ
മൌനത്തിന്റെ അര്‍ത്ഥം
തേടിയലഞ്ഞില്ലാതായനാള്‍
മറന്നീട്ടല്ല...
ഞാന്‍.... വീണ്ടും..
നിന്റെ വരികള്‍ക്കിടയിലെ അകലത്തിന്റെ
കണക്കെടുക്കുക്കുന്നത്...

നിന്നിലേക്കു ഞാനൊഴുകിയത്
നിനക്കാത്ത നേരത്തു...
തിരിമുറിയാതെ പെയ്യുന്ന ...
തിരുവാതിരപ്പെയ്ത്തായാണ്..

നീ നീറിപ്പിടയുമ്പൊഴും
നീ എന്നിലേക്കൊഴുക്കിയത്...
കാലം തെറ്റിപ്പെയ്ത മഴ
കനിഞ്ഞ പ്രളയമാണ്.....

അതുകൊണ്ടാവാം...സ്നേഹത്തിനും
അളവുപാത്രമുണ്ടെന്ന് ഞാന്‍
അറിയാതെ പോയത്...