Thursday, August 28, 2008

അഭിനയം

നീ പറയുന്നത്
നീ അഭിനയിക്കുകയായിരുന്നു എന്നോ..
എന്റടുത്ത് നീ ജീവിക്കുകയായിരുന്നില്ലാ.. എന്ന്..

നന്നായി അഭിനയിച്ചു തീര്‍ത്ത നല്ല ഒരഛന്റെ മകളാണ്...ഞാന്‍..
അഭിനയിക്കാനറിയാത്ത അമ്മ അഭിനയം പഠിച്ച് മിടുക്കിയായതാണ്...
ഞാന്‍ ജനിച്ചതേ.. അഭിനയിക്കാനായി മാ‍ത്രം...

നല്ല ഒരു മകളായി... (വികൃതികള്‍.. അഭിനയത്തിന്റെ മറ്റൊരു മുഖം മാത്രം..)
നല്ല ഒരു സുഹൃത്താകാന്‍ ഒരു പാട് പഠിക്കെണ്ടി വന്നു...(ഇപ്പോള്‍ സ്മാര്‍ട്ട് ആയി)
നല്ല സഹോദരിയാകാന്‍ കഴിഞ്ഞോ എന്ന്... അഭിനയിക്കാനറിയാത്ത എന്റെ ചേച്ചിയോട് ചോദിക്കണം.....

ഇനിയും അഭിനയിക്കാന്‍ ഒരുപാട്.. വേഷങ്ങള്‍ എന്നെക്കാത്തിരിക്കുന്നു...
എന്റെ കഥാപാത്രങ്ങളോട് ഞാന്‍ പരമാവധി നീതി പുലര്‍ത്താറുണ്ട്...

നിന്റെ അഭിനയം എനിക്കു തിരിച്ചറിയാന്‍ കഴിയാഞ്ഞത് നിന്റെ കഴിവ് ഒന്നു കൊണ്ടു മാത്രം......
നീ ഒരിക്കലും അഭിനയം നിര്‍ത്തരുത്..
നീയെന്നെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കുകയെങ്കിലും... വേണം...

ഇത്രയും നന്നായി അഭിനയിക്കാന്‍ കഴിയുന്ന നിന്നെ എനിക്കു വെറുക്കാന്‍ കഴിയില്ല.....
നിന്റെയീ കഥാപാത്രത്തെ ഒരുപാടിഷ്ടപ്പെട്ടു പോയി.....
നിന്റെ സ്വത്വത്തെക്കാളേറെ....

Friday, August 22, 2008

തിരിച്ചറിവുകള്‍

ചെറുതായിരിക്കുമ്പോള്‍ വലുതാവണം..
വലുതാകുമ്പോള്‍ ചെറുതാകണം..
ഓരോ കാലത്തും ഓരോ തിരിച്ചറിവുകള്‍..

ചില തിരിച്ചറിവുകള്‍ ..
പരാജയത്തിന്റേതെന്നു കുറ്റപ്പെടുത്തുമ്പോള്‍...
ജീവിതത്തില്‍ എന്നും ജയിക്കാനാഗ്രഹിച്ചവരെ..
കാലം നോക്കി പരിഹസിക്കയെന്നു തോന്നും..

നിറഞ്ഞ മനസു തേടുന്നത് ദുഖം..
നിറയാത്ത മനസു നേടുന്നത് ദുഖം..
തേടിയാലും നേടിയാലും
കിട്ടുന്നതൊന്നാണെന്ന തിരിച്ചറിവ്..
തോല്‍വിയുടേതോ വിജയത്തിന്റേതോ?

ഓര്‍മ്മകള്‍ അവശേഷിക്കുന്നത് ..കാലം
നമ്മിലവശേഷിപ്പിച്ച മുറിവുണക്കാനല്ല..
മുറിപ്പാടു തീര്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന ..തിരിച്ചറിവ് ..
ഓര്‍മ്മകളുടെ വസന്തം പോലും നമ്മില്‍ നിന്നകറ്റുന്നു

സ്വപ്നങ്ങളില്‍ നാം സംതൃപ്തരാകുന്നത്
അവിടെ തിരിച്ചറിവുകള്‍ ഇല്ലാത്തതു
കൊണ്ടാണെന്നു.. തിരിച്ചറിയുമ്പോള്‍..
സ്വപ്നങ്ങളില്‍ മാത്രം ജീവിക്കാന്‍
കഴിഞ്ഞെങ്കിലെന്നറിയാതെ മോഹിച്ചു പോകും..
അതും വ്യര്‍ത്ഥമാണെന്നറിഞ്ഞു തന്നെ...