
മനസിലൊരു ചിത തീര്‍ക്കയാണു ഞാന്‍
കനവിലൊരു സ്വപ്നം സമ്മാനിച്ച നീ..
നിനക്കാതെ വന്ന്, പറയാതെ പോയ
നിനക്കൊരു സമ്മാനമായീ ചിതയെരിയട്ടെയിനിയുമാളട്ടെ...
എരിഞ്ഞൊടുങ്ങുമ്പോഴും ആളിക്കത്താന്‍
കരിഞ്ഞുണങ്ങുമ്പോഴും കനലായായ് തീരാന്‍
കൊതിച്ചെന്റെ സ്വപ്നങ്ങള്‍ പോലും വഴി
പിരിഞ്ഞില്ലാതായപ്പോളൊരു നാള്‍ നിന്‍ -
വിരല്‍ത്തുമ്പിലെന്‍ ജീവന്റെ നാളം തുടിച്ചിരുന്നൊ?
എന്റെ സങ്കല്‍പ്പങ്ങളേക്കാളും ഭംഗി പകരാന്‍
നിനക്കാവുമെന്നു മോഹിച്ചോ, വഴിതെറ്റിയ
മനസിന്റെ കാണാചരടിനാഞ്ഞു വലിച്ചോ,
മിഴിയിലൊരാകാശം തീര്‍ത്ത് കാത്തിരുന്നത്..
ഇതുപോലൊരു ചിത തീര്‍ക്കാനായിരുന്നൊ?
തിരിച്ചറിയുന്നില്ല പലതും...
നിന്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയതി-
ലെന്റെ സ്വപ്നങ്ങള്‍ തന്‍ ചിതയെരിയുമ്പോള്‍
നിന്റെ സങ്കല്പങ്ങളിലെ ഞാനാവാന്‍ കൊതിച്ചാവാമിന്നുമെന്റെ
നീരുറയാത്ത മിഴികളെ ഞാന്‍ സ്വന്തമാക്കിയത്..
ചിതയെരിഞ്ഞു തീരും മുന്‍പേ മടങ്ങണം,
കരിഞ്ഞ അസ്ഥികള്‍ക്കിടയിലെന്റെ
മനസെനിക്കു നഷ്ടപ്പെടുത്താനാവില്ല..
ചിതയിലാളിപ്പറക്കുന്ന ഓര്‍മ്മകളെന്തെങ്കിലും അവശേഷിപ്പിച്ചാലോ?
ഭയമാണെനിക്ക് ജീവിച്ചും മരിച്ചും
തീര്‍ക്കുന്ന മൃതദേഹത്തേക്കാളും ..
ഈ മനസിലെരിയുന്ന ചിതയെ..