Thursday, August 28, 2008

അഭിനയം

നീ പറയുന്നത്
നീ അഭിനയിക്കുകയായിരുന്നു എന്നോ..
എന്റടുത്ത് നീ ജീവിക്കുകയായിരുന്നില്ലാ.. എന്ന്..

നന്നായി അഭിനയിച്ചു തീര്‍ത്ത നല്ല ഒരഛന്റെ മകളാണ്...ഞാന്‍..
അഭിനയിക്കാനറിയാത്ത അമ്മ അഭിനയം പഠിച്ച് മിടുക്കിയായതാണ്...
ഞാന്‍ ജനിച്ചതേ.. അഭിനയിക്കാനായി മാ‍ത്രം...

നല്ല ഒരു മകളായി... (വികൃതികള്‍.. അഭിനയത്തിന്റെ മറ്റൊരു മുഖം മാത്രം..)
നല്ല ഒരു സുഹൃത്താകാന്‍ ഒരു പാട് പഠിക്കെണ്ടി വന്നു...(ഇപ്പോള്‍ സ്മാര്‍ട്ട് ആയി)
നല്ല സഹോദരിയാകാന്‍ കഴിഞ്ഞോ എന്ന്... അഭിനയിക്കാനറിയാത്ത എന്റെ ചേച്ചിയോട് ചോദിക്കണം.....

ഇനിയും അഭിനയിക്കാന്‍ ഒരുപാട്.. വേഷങ്ങള്‍ എന്നെക്കാത്തിരിക്കുന്നു...
എന്റെ കഥാപാത്രങ്ങളോട് ഞാന്‍ പരമാവധി നീതി പുലര്‍ത്താറുണ്ട്...

നിന്റെ അഭിനയം എനിക്കു തിരിച്ചറിയാന്‍ കഴിയാഞ്ഞത് നിന്റെ കഴിവ് ഒന്നു കൊണ്ടു മാത്രം......
നീ ഒരിക്കലും അഭിനയം നിര്‍ത്തരുത്..
നീയെന്നെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കുകയെങ്കിലും... വേണം...

ഇത്രയും നന്നായി അഭിനയിക്കാന്‍ കഴിയുന്ന നിന്നെ എനിക്കു വെറുക്കാന്‍ കഴിയില്ല.....
നിന്റെയീ കഥാപാത്രത്തെ ഒരുപാടിഷ്ടപ്പെട്ടു പോയി.....
നിന്റെ സ്വത്വത്തെക്കാളേറെ....

7 comments:

Nisha/ നിഷ said...

എല്ലാവരും അഭിനയിക്കുകയാണ് ജീവിതത്തില്‍ എന്ന് ചിന്തയില്‍ നിന്നും...
അഭിനയിക്കാനറിയാത്തവര്‍ ജീവിതത്തില്‍ പരാജയപ്പെടുന്നോ? എന്ന തിരിച്ചറിവില്‍ നിന്നും...കുത്തിക്കുറിച്ചത്...

PIN said...

ചിലപ്പോൾ കഥാപാത്രങ്ങൾ വ്യക്തിയെക്കാൾ നന്നാവാറുണ്ട് ജീവിത നാടകത്തിൽ... പക്ഷെ എത്രനാൾ മുഖം മൂടി അഴിക്കാതെ തുടരാൻ കഴിയും എന്നതാണ് പ്രശനം

siva // ശിവ said...

ഇങ്ങനെ അഭിനയിക്കുന്നവരെ ഞാന്‍ ഏറെ വെറുക്കുന്നു....കാരണം അവരൊക്കെ സമ്മാനിക്കുന്ന വേദനകള്‍ ഒരിക്കലും അവസാനിക്കാത്തതാണ്....

ആഗ്നേയ said...

നീ ഒരിക്കലും അഭിനയം നിര്‍ത്തരുത്..
നീയെന്നെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കുകയെങ്കിലും... വേണം...

ഇത്രയും നന്നായി അഭിനയിക്കാന്‍ കഴിയുന്ന നിന്നെ എനിക്കു വെറുക്കാന്‍ കഴിയില്ല.....
നിന്റെയീ കഥാപാത്രത്തെ ഒരുപാടിഷ്ടപ്പെട്ടു പോയി.....
നിന്റെ സ്വത്വത്തെക്കാളേറെ....
എനിക്കെവിടെയോ നോവുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കഥാപാത്രങ്ങള്‍ പലപ്പോഴൂം അഭിനയം പഠിപ്പിക്കും...

Nisha/ നിഷ said...

സത്യത്തില്‍ ഓരോരുത്തരും ജീവിതത്തില്‍ അഭിനയിക്കുക തന്നെയാണ്..മകളാ‍യാല്‍.. അച്ഛനെയും അമ്മയെയും സ്നേഹിക്കണം.. അവരാഗ്രഹിക്കുന്നതു നല്‍കണം...സുഹൃത്തായാല്‍.. അവരുടെ കൂടെ ..കൂടണം...സഹോദരി ആയാല്‍.. എല്ലാം പങ്കുവെക്കണം...കാമുകിയായാല്‍.. കാമുകന്റെ ഇഷ്ടങ്ങളില്‍.. നാമലിഞ്ഞു ചേരും...ഭാര്യയാ‍യാല്‍.. ഭര്‍ത്താവിന്റെ ഇഷ്ടങ്ങളില്‍.. നാം നമ്മെ മറക്കും...അമ്മയായാല്‍...മക്കളുടെ ഇഷ്ടങ്ങളില്‍.. അവരിഷ്ടപ്പെടുന്ന ആളായി മാറാന്‍.. സമയത്തിന്റെ ആവശ്യകതയില്ലാ...എല്ലാവരും നീ ഇങ്ങനെയാകണം. എന്നു പറയുന്നു.. അവരെ നാം സ്നേഹിക്കുന്നെങ്കില്‍.. നമ്മള്‍ അങ്ങനെയായിത്തീരുന്നു അല്ലെ?(അഭിനയിച്ച് അഭിനയിച്ച് ആ കഥാപാത്രമായി തീരുന്നു)... അപ്പോള്‍ ആ സ്നേഹം എന്നേന്നുക്കുമായി നിലനില്‍ക്കുന്നു..(നമ്മള്‍ ഓരൊരുത്തരും സ്വാര്‍ത്ഥരല്ലെ? നാം ഇഷ്ടപ്പെടുന്നവരുടെ സ്വത്വത്തെ നാം തിരിച്ചറിയാറുണ്ടോ??? അവരഭിനയിക്കുന്ന ആ കഥാപാത്രത്തെയല്ലെ നാം ഇഷ്ടപ്പെടുന്നത്... നാം അഭിനയിക്കുന്ന കഥാപാത്രത്തെയല്ലെ അവര്‍ ഇഷ്ടപ്പെടുന്നത്...? )ഓരൊരുത്തരും അവരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നു.. പിന്നെ അതിനു‘ ..‘അഡ്ജസ്റ്റ്മെന്റ്‘ ജീവിതത്തില്‍ ആവശ്യമാണെന്നുള്ള‘ ഒരു ഉപദേശവും...

(ഈ അഭിനയത്തിനു ചതിയുടെ മുഖം മൂടി ഇല്ലാട്ടൊ?...)

ശിവാ..

ഇങ്ങനെ അഭിനയിക്കാന്‍ കഴിയാത്തവരല്ലെ യഥാര്‍ത്ഥത്തില്‍.. ജീവിതത്തില്‍ പരാജയപ്പെടുന്നത്...? നമ്മളെ വേദനിപ്പിക്കുന്നത്...?

പിന്‍..

ആഗ്ന ചേച്ചീ....

പ്രിയേച്ചീ...

വന്നതിനും അഭിപ്രായം പറഞ്ഞതിനും..

നന്ദി...

ശ്രീ said...

“നീയെന്നെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കുകയെങ്കിലും... വേണം”

എല്ലാം അഭിനയമായാല്‍ എന്തു കാര്യം?