Friday, December 18, 2009

മുറിവുകളും മുറിവുണക്കങ്ങളും

സ്വപ്നങ്ങള്‍....

ശിശിരത്തില്‍

മഞ്ഞിന്റെ തണുപ്പിലുറച്ചു പോകുന്നതും...

പിന്നെ ഇലകള്‍ പൊഴിക്കുന്നതും


വേനലില്‍

ഉച്ചവെയിലില്‍.. തളര്‍ന്നു പോകുന്നതും...

വാടിക്കരിയുന്നതും....


വര്‍ഷത്തില്‍

നിര്‍ത്താതെ പെയ്തൊഴിയുന്നതും...

മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിക്കുന്നതും


വസന്തത്തില്‍

തണലില്‍ തളിര്‍ക്കുന്നതും

പൂത്തുലയുന്നതും...


ഓര്‍മ്മകള്‍...

വസന്തത്തില്‍...

തളിര്‍ത്തു.. പൂത്തുവിടര്‍ന്ന

സ്വപ്നങ്ങളെ ഓര്‍ക്കുമ്പോഴായിരിക്കും.....


ശിശിരത്തില്‍....

ഇല പൊഴിച്ചു.. തലകുമ്പിടേണ്ടി വന്ന

ആ സ്വപ്നങ്ങളെക്കുറിച്ചോര്‍ക്കുക....


പിന്നീടൊരു

വേനലില്‍.....

അവ ... കത്തിക്കരിഞ്ഞുങ്ങി....

ആഴത്തിലാണ്ടു പോയ വേരുമായി......തളര്‍ന്നു കിടന്നു ...

ജീവനു വേണ്ടി ദാഹിച്ച ആ സ്വപ്നങ്ങളെക്കുറിച്ചോര്‍ക്കും.....


വര്‍ഷത്തില്‍......

പെയ്തു തീര്‍ത്തു മതിവരാ‍തെ ....

കുത്തിയൊലിച്ചൊഴുക്കില്‍....

ഒഴുകിപ്പോയ ആ സ്വപ്ങ്ങളെക്കുറിച്ചോര്‍ക്കും....


പിന്നെ

അടുത്ത വസന്തത്തിലെ പുതിയ സ്വപങ്ങള്‍ക്കു ........

ഒരു മുറിവിന്റെ പാടു പോലും തീര്‍ക്കാതെ...

നിലമൊരുക്കിയ.....

വിധിയെക്കുറിച്ചോര്‍ക്കും....


സ്വപ്നങ്ങള്‍ കാണുന്ന കാലം വരെ മുറിവുകളും.....

മുറിവുണക്കങ്ങളും.. സംഭവിച്ചുകൊണ്ടേയിരിക്കും.....

Thursday, July 30, 2009

സ്നേഹത്തിനും അളവുപാത്രം


നീ എനിക്കിപ്പോള്‍ മരുഭൂമിയാണ്..
വിശ്വാസത്തിന്റെ നനവും
സ്നേഹത്തിന്റെ പച്ചപ്പും
ഇല്ലാത്ത ഭൂമി..

നിന്റെ വാക്കുകള്‍ക്കിടയിലെ
മൌനത്തിന്റെ അര്‍ത്ഥം
തേടിയലഞ്ഞില്ലാതായനാള്‍
മറന്നീട്ടല്ല...
ഞാന്‍.... വീണ്ടും..
നിന്റെ വരികള്‍ക്കിടയിലെ അകലത്തിന്റെ
കണക്കെടുക്കുക്കുന്നത്...

നിന്നിലേക്കു ഞാനൊഴുകിയത്
നിനക്കാത്ത നേരത്തു...
തിരിമുറിയാതെ പെയ്യുന്ന ...
തിരുവാതിരപ്പെയ്ത്തായാണ്..

നീ നീറിപ്പിടയുമ്പൊഴും
നീ എന്നിലേക്കൊഴുക്കിയത്...
കാലം തെറ്റിപ്പെയ്ത മഴ
കനിഞ്ഞ പ്രളയമാണ്.....

അതുകൊണ്ടാവാം...സ്നേഹത്തിനും
അളവുപാത്രമുണ്ടെന്ന് ഞാന്‍
അറിയാതെ പോയത്...

Friday, June 26, 2009

ചിതയെരിഞ്ഞൊടുങ്ങും വരെ

മനസിലൊരു ചിത തീര്‍ക്കയാണു ഞാന്‍
കനവിലൊരു സ്വപ്നം സമ്മാനിച്ച നീ..
നിനക്കാതെ വന്ന്, പറയാതെ പോയ
നിനക്കൊരു സമ്മാനമായീ ചിതയെരിയട്ടെയിനിയുമാളട്ടെ...

എരിഞ്ഞൊടുങ്ങുമ്പോഴും ആളിക്കത്താന്‍
കരിഞ്ഞുണങ്ങുമ്പോഴും കനലായായ് തീരാന്‍
കൊതിച്ചെന്റെ സ്വപ്നങ്ങള്‍ പോലും വഴി
പിരിഞ്ഞില്ലാതായപ്പോളൊരു നാള്‍ നിന്‍ -
വിരല്‍ത്തുമ്പിലെന്‍ ജീവന്റെ നാളം തുടിച്ചിരുന്നൊ?

എന്റെ സങ്കല്‍പ്പങ്ങളേക്കാളും ഭംഗി പകരാന്‍
നിനക്കാവുമെന്നു മോഹിച്ചോ, വഴിതെറ്റിയ
മനസിന്റെ കാണാ‍ചരടിനാഞ്ഞു വലിച്ചോ,
മിഴിയിലൊരാകാശം തീര്‍ത്ത് കാത്തിരുന്നത്..
ഇതുപോലൊരു ചിത തീര്‍ക്കാനായിരുന്നൊ?

തിരിച്ചറിയുന്നില്ല പലതും...

നിന്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയതി-
ലെന്റെ സ്വപ്നങ്ങള്‍ തന്‍ ചിതയെരിയുമ്പോള്‍
നിന്റെ സങ്കല്പങ്ങളിലെ ഞാനാവാന്‍ കൊതിച്ചാവാമിന്നുമെന്റെ
നീരുറയാത്ത മിഴികളെ ഞാന്‍ സ്വന്തമാക്കിയത്..

ചിതയെരിഞ്ഞു തീരും മുന്‍പേ മടങ്ങണം,
കരിഞ്ഞ അസ്ഥികള്‍ക്കിടയിലെന്റെ
മനസെനിക്കു നഷ്ടപ്പെടുത്താനാവില്ല..
ചിതയിലാളിപ്പറക്കുന്ന ഓര്‍മ്മകളെന്തെങ്കിലും അവശേഷിപ്പിച്ചാലോ?
ഭയമാണെനിക്ക് ജീവിച്ചും മരിച്ചും
തീര്‍ക്കുന്ന മൃതദേഹത്തേക്കാളും ..
ഈ മനസിലെരിയുന്ന ചിതയെ..

Tuesday, June 23, 2009

ചിന്തകളുടെ വേഗം


കൂകിപ്പായുന്ന തീവണ്ടിയുടെ താളത്തില്‍
ചിന്തിക്കാനിഷ്ടപ്പെടുന്നതിനാലാവാം..
ജീവിതത്തില്‍ യാത്രകള്‍
അനിവാര്യമായിത്തീരുന്നത് ...


ചിന്തകളുടെ വേഗത്തിനൊപ്പം
സഞ്ചരിക്കാനാകാതെ കിതക്കുന്ന
സഹയാത്രികരെ കാണുമ്പോള്‍
സഹതാപമല്ലാ, കോപമാണടക്കാനാവാത്തത്..

Wednesday, June 3, 2009

ഇവള്‍...

കണ്ണുകളില്‍...ചുവപ്പുരാശി..
ക്രോധമോ കാമമോ ...
നോട്ടത്തിന്റെ ചുഴികളില്‍പ്പെട്ട്....
ഉന്മാദിയായ് തീര്‍ന്ന രാവുകള്‍,
സ്വന്തമാക്കിയവള്‍ ഇവള്‍...

കാഴ്ചകള്‍ മറയ്ക്കാതെ...
കാറ്റുവീശിയ വഴിയേ
കടലു തേടി യാത്രയായവള്‍ ...
സ്നേഹത്തിന്റെ കടലു തേടി..
വെന്തുരുകിയവള്‍...

ഒരു നേര്‍ത്ത തേങ്ങലായ്..
അഗ്നിമണക്കുന്ന വഴികളില്‍..
കനലായിത്തീര്‍ന്നൊരു പിടി
ചാരമായൊടുങ്ങിയവള്‍...

ആശ്വാസത്തിന്റെ തെന്നലിനു..
ചതിയുടെ മണമുണ്ടെന്നറിയാതെയല്ല....
പുതിയ മേച്ചില്‍പ്പുറം തേടിയത്....
ഉരുകിയൊലിക്കാനവള്‍ക്കും
ഒരു ലോകം വേണമെന്നവളും
കൊതിച്ചിരിക്കാം...
പ്രതീക്ഷയുടെ വിരല്‍ സ്പര്‍ശം
അവളെ തൊട്ടുണര്‍ത്തിയിരിക്കാം...

കടലിന്റെ അഗാധതയിലും...
കനലായി തിളങ്ങാന്‍ കൊതിച്ചവള്‍....
മുത്തായിത്തീരാന്‍..
മുത്തുചിപ്പിയുടെ ജന്മമല്ല...
ഒരു മണല്‍ത്തരിയാകാന്‍ കൊതിച്ചവള്‍....

അതെ....
എരിഞ്ഞൊടുങ്ങിയ ചാരത്തരികളിലൊരു
തരിയെങ്കിലും മുത്തുച്ചിപ്പിയിലേക്കുള്ള
യാത്രയിലായിക്കും....

Tuesday, May 5, 2009

താരാട്ടിന്റെ ഈണം തേടിയ കൂട്ട്

ജീവിതത്തിനു കരി പിടിച്ചു തുടങ്ങിയിരിക്കുന്നു..
തുടച്ചു മാറ്റും തോറും...
കുത്തിക്കീറുന്നതു മനസാണ്....
അടര്‍ന്നു വീഴുന്നതു മോഹങ്ങളും...

തുടരാനാവാതെ വഴിപിരിഞ്ഞവര്‍....
മറക്കാനാവാതെ ഓര്‍മ്മകളില്‍ അവശേഷിച്ചവര്‍..
ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോയവര്‍..
അകന്നുമാറിയിട്ടും നേര്‍ത്ത വിങ്ങല്‍ തീര്‍ക്കുന്നവര്‍....
അങ്ങനെ... എണ്ണമില്ലാത്തവര്‍...

ലാഭം തൂക്കി നോക്കാന്‍
കണക്കു പുസ്തകങ്ങള്‍ ..
സൂക്ഷിക്കാറില്ല....

ഓര്‍മ്മകള്‍ കുത്തിനോവിക്കുമ്പോഴും..
നല്ല തണുപ്പുണ്ടായിരുന്നു
സ്വപ്നങ്ങള്‍ക്ക്....
തണുത്തു മരവിച്ച മൃത്യുവല്ല...
പുല്‍ക്കൊടിത്തുമ്പിലെ ജീവന്‍ തുടിക്കുന്ന
മഞ്ഞു തുള്ളികളായിരുന്നു ആ
സ്വപ്ണങ്ങള്‍....

പ്രതീക്ഷകളില്‍ ജീവിക്കുകയും..
യാഥാര്‍ത്ഥ്യം രുചിക്കുകയും
സ്വപ്നങ്ങള്‍ വസ്ത്രങ്ങള്‍ നെയ്തും....
ജീവിതം മുന്നോട്ട്...

വാത്സല്യത്തിന്റെ മുലപ്പാലും..
കൌമാരത്തിന്റെ കൌതുകവും..
സൌഹൃദത്തിന്റെ ആഹ്ലാദത്തിമിര്‍പ്പും...
പ്രണയത്തിന്റെ കുളിരും..
നുകര്‍ന്നൊടുവില്‍..

സായം സന്ധ്യയില്‍ തേടിയ കൂട്ടിന്...
സ്നേഹത്തിന്റെ വെളുപ്പുമാത്രമല്ല...
താരാട്ടിന്റെ ഈണവുമുണ്ടാ‍യിരുന്നു..

Wednesday, March 4, 2009

വര്‍ണ്ണങ്ങള്‍...



ജനിച്ചപ്പോള്‍
കറുപ്പും വെളുപ്പുമല്ലാതെ ഒന്നുമില്ലായിരുന്നു ....
എന്റെ മുന്നില്‍....

പക്ഷെ ഇന്ന് ...
ജീവിതത്തില്‍ കടന്നു വന്ന വര്‍ണ്ണങ്ങള്‍.....

മഴവില്ലില്‍ നിന്നും പടര്‍ന്നിറങ്ങിയ
ചുവപ്പ്, എന്റെ സിരകളില്‍ പകരുന്നത്
ഒടുങ്ങാത്ത പകയാണ്.....
മുറിവേല്‍ക്കുമ്പൊഴും ഒഴുകുന്ന രക്തച്ചുവപ്പ്..
എന്നെ ഉന്മത്തയാക്കുന്നത് അതായിരിക്കാം...

ശലഭത്തിലന്റെ ചിറകില്‍ നിന്നടര്‍ന്ന
പീതാംബരം, എന്റെ സൌഹൃദങ്ങളെയാണു
നനച്ചത്...

ജീവിതയാത്രയില്‍ പകര്‍ന്നു കിട്ടിയ
പച്ചത്തുരുത്തില്‍ നിന്നും പടര്‍ന്നിറങ്ങിയ
പച്ചപ്പ്, എന്റെ ഹരിതാഭമായ ഓര്‍മ്മകളാണ്.

യാത്രയുടെ അവസാനത്തില്‍
ആരംഭശൂരത്വമൊടുങ്ങിയ ഞാനെന്ന
യാത്രികനില്‍ പകര്‍ന്നത്
വാനപ്രസ്ഥത്തിന്റെ കാവി നിറമായിരുന്നു

നിറങ്ങള്‍ ചാലിച്ച വസന്തത്തില്‍ നിന്നും
ഒപ്പിയെടുത്ത വയലറ്റു നിറം
മരണത്തിന്റേതെന്നു പറഞ്ഞ്
കവിതകള്‍ ഭയപ്പെടുത്തുന്നു..

എന്റെ മറവികള്‍ക്ക്...
നീല നിറമാണ്... ആഴക്കടലിന്റെ നിറം...
അഗാധതയില്‍ ഒരുപാടു
മുഖങ്ങളൊളിപ്പിച്ച നിശബ്ദതയുടെ നിറം

നിര്‍വചിക്കാനാകാത്ത മനസിന്റെ വര്‍ണ്ണങ്ങളെ
നീ വരച്ചെടുത്ത മനോഹാരിതയിലൊളിപ്പിച്ചതില്‍
നിന്റെ കൈയ്യടക്കം കണ്ടമ്പരന്നത് , ആ
വര്‍ണ്ണങ്ങളുടെ നിര്‍വചിക്കാനാകാത്ത ഭംഗി കണ്ടീട്ടാണ്..